Wednesday, October 31, 2007

ഓ.എന്‍.വി.(കവിത)

ഭാഷാപിതാവിന്റെ ആത്മാവ് ഇന്ന് സന്തോഷത്താല്‍ തുടിച്ചിരിക്കണം.കവി ഒ.എന്‍.വി. ക്കാണ് ഇത്തവണത്തെ എഴുത്തച്ഛന്‍ അവാര്‍ഡ്.ആര്‍ക്കും ഏത് എരപ്പാളിക്കും സ്വാധീനം കൊണ്ടോ പാര്‍ട്ടിക്ക് മുദ്രാവാക്യം എഴുതികൊടുത്തോ അവാര്‍ഡ് സംഘടിപ്പിക്കാവുന്ന ഈ കാലത്ത് ഒരു പുരസ്കാരം സ്വയം അതിന്റെ മഹിമ വര്‍ധിപ്പിച്ചിരിക്കുന്നു ഈ അവാര്‍ഡിലൂടെ.അദ്ദേഹത്തെ കവിത എഴുതി ബഹുമാനിച്ച് കളയാമെന്ന മൌഡ്യമൊന്നുമെനിക്കില്ല.എങ്കിലും എന്റെ സന്തോഷം ഈ വരികളില്‍ കുറിക്കട്ടെ.

ഒറ്റമരക്കൊമ്പില്‍നിന്നുതിര്‍ത്ത
ഒരു ചെറു നെല്ലിക്ക തിന്ന്
ഒരുകവിള്‍ കുളിര്‍നീരിറക്കി
ഒരുവട്ടം കൂടി മധുരം നുണഞ്ഞും
കുയില്‍നാദത്തിനെതിരൊപ്പിച്ചും
മലയാളഗ്രാ‍മം ചരമഗീതം പാടാതെ
എന്റെ പുസ്തകചില്ലലമാരിയില്‍
ഇന്നുമിരിക്കുന്നു സ്വസ്തി തേ
കവിവര്യാ സ്വസ്തി.

കരിമണലില്‍* ഒരു ചുവന്ന മുക്കുറ്റി
കല്‍പ്പനകളുടെ വള്ളികുടിലില്‍
പുള്ളികുയിലിന്റെ സ്വരമാധുരി
നാടകങ്ങളിലെ നാട്ടുപാട്ടില്‍
വീണ്ടും ഒരു ജനതതിയുടെ
തുയിലുണര്‍ത്ത്.

സാലഭഞ്ജികകള്‍ ഉറങ്ങാത്ത
ഉജ്ജയിനിയുടെ ഉജ്ജ്വലചിത്രം
കുതിരപ്പുറത്തെ മണാളനെ കാക്കുന്ന
കോതമ്പിന്‍ നിറമുള്ള പെണ്‍കതിര്‍
അതുരശരീരയാം അമ്മയ്ക്ക്
ചരമഗീതം മുന്നേ കുറിയ്ക്കുന്ന
പുതിയകാലത്തിന്‍ ഈഡിപ്പസ്.

വരികളിലിങ്ങനെ നക്ഷത്രം പൊഴിയുമ്പോള്‍
ഇന്ദ്രനീലതടാ‍കങ്ങളില്‍ ശതപങ്കജങ്ങള്‍ നീ വിരിയിക്കുമ്പോള്‍
ശ്യാമനഭസ്സില്‍ കവിതയുടെ പീലിയാടുന്ന മയൂരമാകുമ്പോള്‍
ഒരുമാത്രയല്ല പലവുരു കൊതിക്കുന്നു
എന്നും അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍

*ചവറയിലാണ് അദ്ദേഹം ജനിച്ചത്